ആത്മാന്വേഷണം പത്താം അധ്യായം.

മുൻ അധ്യായത്തിന് താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക.
https://soulplusclan.blogspot.com/2017/07/blog-post_20.html

കൃതജ്ഞത എന്ന നിയമത്തെക്കുറിച്ചും ആകർഷണ നിയമത്തെ കുറിച്ചുമൊക്കെ ധാരാളം സംസാരിച്ചു കഴിഞ്ഞു. ആകർഷണ നിയമം പ്രയോഗിക്കാമെന്നും കണ്ടു. ഫീൽ എന്താണെന്നു മനസിലാക്കി.

ആകർഷണ നിയമം പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

1)ആകർഷണം നടക്കണമെങ്കിൽ ആദ്യം നാം നല്ല ഫീലിൽ ആയിരിക്കണം.

2)കീ വേർഡ് ഉപയോഗിച്ച് സംസാരിക്കുകയും ചിന്തിക്കുകയും വേണം.

3)പോസിറ്റീവ് ആയിട്ടുള്ള ആളുകളുടെ സംസർഗ്ഗത്തിൽ ആയിരിക്കണം.

4)യുക്തി ഉപയോഗിച്ചു ചിന്തിക്കാൻ നിൽക്കരുത്.

5)എങ്ങനെ എന്ന ഭാഗം (THE HOW PART) ചിന്തിക്കരുത്.

6)എന്താണോ നാം ആഗ്രഹിക്കുന്നത് , അത് മുൻകൂറായി ലഭിച്ചു കഴിഞ്ഞതായി ഫീൽ ചെയ്തു നന്ദി പറയണം.


പിന്നീടെല്ലാം നോക്കേണ്ടവൻ നോക്കിക്കൊള്ളും.

നമ്മുടെ ഫീൽ എത്രയാണോ, അത്രമാത്രമായിരിക്കും കാര്യ സാധ്യത്തിന്റെ വേഗത. കൂടുതൽ ഫീൽ ഉണ്ടെങ്കിൽ വേഗത്തിൽ നാം വിചാരിക്കുന്ന കാര്യം നടക്കും.പക്ഷെ മുകളിൽ പറഞ്ഞിരിക്കുന്നത് കൃത്യമായി പാലിച്ചിരിക്കണം.

എൻ്റെ ഒരു സുഹൃത്തിനുണ്ടായ ഒരു അനുഭവം ഞാനിവിടെ ഉദാഹരണമായി പങ്കുവെക്കുന്നു.
ടിയാൻ അതി ബുദ്ധിമാനായ ഒരാളാണ്, എന്ത് പറഞ്ഞാലും അതിനെ ബുദ്ധികൊണ്ടും യുക്തി കൊണ്ടും അളന്നു തൂക്കി നോക്കുന്ന ബൗദ്ധിക ബ്രഹ്മസ്വരൂപമാണ് ഇയാൾ. ഒരു ദിവസം ഇയാളെ ഞാൻ വഴിയിൽ കണ്ടുമുട്ടി. എന്നെ കണ്ടിട്ട് ടിയാൻ അത്ഭുതപ്പെട്ട് ചോദിച്ചു.
"ഇതെന്തു മാറ്റം! അതെങ്ങനെയാ തടിയൊക്കെ കുറച്ചു നല്ല രീതിയിൽ ആയത്? നല്ല എനർജി ഫീൽ ചെയ്യുന്നുണ്ടല്ലോ! എനിക്ക് വൈകുന്നേരം ഒന്ന് കാണാൻ പറ്റുമോ?"
കാണാമെന്നു സമ്മതിച്ചു; ആൾ വരികയും ചെയ്തു.

"യോഗ ചെയ്യുന്നുണ്ടോ അതോ മരുന്ന് വല്ലതും കഴിച്ചോ?"
അതെന്തെങ്കിലുമാകട്ടെ താങ്കൾ കാണണം എന്ന് പറഞ്ഞതെന്തിനാണ് എന്ന് ഞാൻ ചോദിച്ചു.

ഇയാൾ എനിക്ക് വല്ലാത്ത ശല്യമാകുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി.അതും എന്നെകുറിച്ചാണ് ചോദ്യങ്ങൾ അത്രയും.
താങ്കൾ എന്തിനു വന്നെന്നു പറയാൻ ഞാൻ ആവശ്യപ്പെട്ടു.

"എനിക്ക് വലിയ കട ബാധ്യതയാണ് വീട്ടിൽ ഇരിക്കാൻ നിവൃത്തിയില്ല. ഓരോരുത്തർ വന്നു കൊണ്ടിരിക്കുകയാണ്. എന്ത് ചെയ്യുമെന്നറിയില്ല.സമാധാനം നഷ്ടപ്പെട്ടിട്ട് വളരെ നാളായി. "

അയാളുടെ കണ്ണുകൾക്ക് താഴെ നിരാശയുടെ കറുപ്പ് നിഴൽ ഞാൻ കണ്ടു.നെഗറ്റീവ് ചിന്തകൾ അയാളുടെ അനഹദ എന്ന ഹൃദയ ചക്രത്തിൽ കയറിയിട്ടുണ്ടായിരുന്നു. ചുരുക്കത്തിൽ പടുകുഴിയിലേക്കുള്ള പ്രയാണം.!

'എങ്ങനെ കരകയറും' എന്നതാണ് ചോദ്യം.

ഈ അധ്യായം നിങ്ങൾ ഇത് വരെ ആത്മാർഥമായി വായിച്ചിട്ടുണ്ടെങ്കിൽ ഞാൻ പറയുന്ന ഉത്തരം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു. ആ ഉത്തരം ഞാൻ പറഞ്ഞു :

"താങ്കൾ എങ്ങനെ കരകയറുമെന്നെനിക്കറിയില്ല ; പക്ഷെ ഒന്നറിയാം ,താങ്കൾ വിചാരിച്ചാൽ കര കയറാൻ കഴിയും. എങ്ങനെ എന്ന് തീരുമാനിക്കാനുള്ള അവകാശം നമുക്കല്ല. ; പ്രപഞ്ച ശക്തി അത് നോക്കിക്കൊള്ളും."
ഒരാൾക്ക് ഒരു വലിയ തുക കൊടുക്കാനുണ്ടെന്നും ആ ആൾ വലിയ രീതിയിൽ ശല്യം ചെയ്യുന്നുണ്ടെന്നും എൻ്റെ സുഹൃത്ത് പറഞ്ഞു.

ഞാൻ ഒരു മാർഗം പറഞ്ഞു കൊടുത്തു.
" നാളെ അയാളെ നേരിൽ കാണുക. കാര്യങ്ങൾ പറയുക.നീണ്ട ഒരു അവധി വാങ്ങുക. അയാൾ സമ്മതിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് സംസാരിക്കുക."

കൂട്ടുകാരൻ അസ്വസ്ഥനായി. അയാൾ പറഞ്ഞു
" ഇനി അയാൾ എന്നെ കണ്ടാൽ തല്ലും.! ഉറപ്പ്.!"

അതിന് ഒരു മാർഗം ഞാൻ പറഞ്ഞു കൊടുത്തു.
"അയാൾ ഒരു നീണ്ട കാലാവധി തന്നതായി വിശ്വസിക്കുക. എന്നിട്ട് അയാൾക്ക് അതിന് നന്ദി പറയുക. ഒട്ടും സംശയിക്കാതെ ചെയ്യണം."

എൻ്റെ സുഹൃത്ത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല.

" എന്തായാലും നിങ്ങളെ അയാൾ തല്ലും എന്ന് നിങ്ങൾ വിശ്വസികുന്നില്ലേ! അതിനു പകരം അയാൾ ഒരു അവധി തന്നുവെന്നു വിശ്വസിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നടക്കും."

ഞാൻ കൃതജ്ഞതയെക്കുറിച്ചു അയാൾക്ക് വിശദീകരിച്ചുകൊടുത്തു. അവസാനം അയാൾ വഴങ്ങി.

കുറെ നേരം പ്രാർഥിച്ച ശേഷം അയാൾ തയാറാണെന്നു പറഞ്ഞു.

അപ്പോൾ അയാളുടെ മുഖത്ത് ഒരു പ്രതീക്ഷ പ്രകടമായിരുന്നു.

രാത്രി എൻ്റെ സുഹൃത്ത് വിളിച്ചു പറയുന്നു: " അയാൾ സമ്മതിച്ചു ! മൂന്നു മാസത്തെ അവധി കിട്ടി."

എൻ്റെ ആ സുഹൃത്ത് കടം വീട്ടുന്നതിനുള്ള മാർഗവും കണ്ടുപിടിച്ചു എന്ന് പിന്നീട് അറിയാൻ കഴിഞ്ഞു.

ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. നമ്മുടെ മുൻധാരണകളാണ് പലപ്പോഴും നമ്മെ ചതിക്കുന്നത്.വിശ്വാസ ജീവിതം എല്ലാവരെയും രക്ഷിക്കും.

പ്രപഞ്ച ശക്തിയെ നമ്മോട് ബന്ധിപ്പിക്കുന്ന ചരടാണ് വിശ്വാസം .
കൃതജ്ഞതയിലൂടെ മാത്രമേ വിശ്വാസം സാധ്യമാകൂ. 

അടുത്ത അദ്ധ്യായം ഇരുപത്തി അഞ്ചാം തീയതി പ്രതീക്ഷിക്കാം,




Comments