ആത്മാന്വേഷണം പന്ത്രണ്ടാം അധ്യായം.

.മുൻ അധ്യായങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ആത്മാന്വേഷണത്തിന്റെ പുതിയ അധ്യായം മറ്റൊരു വിഷയത്തിൽ തുടങ്ങണമെന്നാണ് വിചാരിച്ചിരുന്നത്.
എന്നാൽ ചില ഉദാഹരണങ്ങൾ കൂടി വേണമെന്ന് ആവശ്യങ്ങൾ ഉയർന്നതോടെ കൃതഞ്ജതയുടെ ഉദാഹരണങ്ങൾ കൂടി ചേർക്കാമെന്നും പുതിയ ഒരു വിഷയം ചൊവ്വാഴ്ച മുതൽ തുടങ്ങാമെന്നും കരുതുന്നു.

സ്വന്തം അമ്മയെ വൃദ്ധമന്ദിരത്തിൽ ആക്കാൻ ആലോചിച്ച ഒരു മകനെ എനിക്കു നേരിൽ പരിചയമുണ്ട്. അയാൾ ഒരു ദിവസം എന്നെ കാണുകയുണ്ടായി. ആകെ വെപ്രാളത്തിൽ ആയിരുന്നു കക്ഷി. ഈ കാര്യങ്ങളെല്ലാം  നേരത്തെ തന്നെ അറിഞ്ഞിരുന്നത്‌കൊണ്ട് എനിക്കയാളെ കൂടുതൽ അടുപ്പിക്കാൻ തോന്നിയില്ല. എന്നെ ചില കാര്യങ്ങൾധരിപ്പിക്കാനുണ്ടെന്നയാൾ പറഞ്ഞു.
ഞാൻ അയാളെ കേൾക്കാൻ തയാറായി.
"'അമ്മ ഒരർഥത്തിൽ നമുക്ക് തള്ളിക്കളയാൻ പറ്റാത്ത ഒരാളാണ്. പക്ഷെ ഇപ്പോൾ ഒരു ശല്യമാണ്. എനിക്ക് നാണക്കേടുണ്ടാക്കുന്ന പലതും പറയുകയും ചെയ്യുകയും ചെയ്യുന്നു. അവൾ (ഭാര്യ )ഞാൻ പറഞ്ഞാൽ കേൾക്കില്ല.എപ്പോഴും വഴക്കുതന്നെ. എനിക്കിപ്പോൾ വീട്ടിൽ പോകാൻ പോലും തോന്നുന്നില്ല. പിന്നെ കുട്ടികളെ ഓർത്താണ് ഞാൻ ക്ഷമിക്കുന്നത്."

അയാൾ പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലായി.

'അമ്മയെ കുറിച്ചു പത്തു നല്ല കാര്യങ്ങൾ എഴുതുവാൻ ഞാൻ അയാളോട് പറഞ്ഞു. അയാൾ അത്ഭുതത്തോടെ എന്നെ നോക്കി തലയാട്ടി. തെല്ലു നിരാശയോടെ പോയി. രണ്ടു ദിവസം കഴിഞ്ഞു. ആളെക്കുറിച്ചു വിവരമൊന്നും കിട്ടാത്തതുകൊണ്ട് ഞാൻ അന്വേഷിച്ചു.

"***** ചേട്ടൻ ഇവിടെയില്ല. എല്ലാരും കൂടി പള്ളിയിൽ പോയി ! "

അന്വേഷിച്ചപ്പോൾ മലയാറ്റൂർ പള്ളിയിൽ പോയതായി അറിഞ്ഞു.

അയാൾ വരുമ്പോൾ വിളിക്കാനായി എന്റെ നമ്പർ അടുത്തുള്ള ഒരാളെ ഏൽപ്പിച്ച ശേഷം ഞാൻ പോന്നു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും വിളി വന്നില്ല. ഞാൻ " എന്തെങ്കിലുമാകട്ടെ " എന്നോർത്തു പിന്നീടന്വേഷിക്കാനൊന്നും പോയില്ല.

അങ്ങനെ ഒരു ദിവസം വൈക്കം ടൗണിൽ നിൽക്കുമ്പോൾ ഒരു കാഴ്ച കണ്ടു.
ഈ അമ്മച്ചി ഒറ്റക്ക് നടന്നു പോകുന്നു. ഇയാളെ കാണുന്നില്ല. അമ്മച്ചി നടന്നു ചെന്ന് ഒരു ഇന്നോവ കാറിൽ കയറി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അമ്മച്ചിയുടെ പിറകിൽ നടന്നു വരുന്ന ചെറിയ ആൺകുട്ടിയും കാറിൽ കയറി. ഞാൻ വേഗം കാറിനടുത്തേക്ക് ചെന്ന് നോക്കിയപ്പോൾ കാറിൽ അയാളും ഭാര്യയും വേറൊരു കുട്ടിയുമുണ്ട്. അമ്മച്ചിയെ ഭാര്യ കാറിൽ കയറാൻ സഹായിക്കുന്നു.! അത്ഭുതകരവും സന്തോഷകരവുമായ ആ കാഴ്ച എന്നെ എന്തെന്നില്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചു.

"സുധീഷ് ; നമുക്ക് പിന്നെ കാണാം ! എനിക്കല്പം സംസാരിക്കാനുണ്ട്."

അയാൾ പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് നിൽക്കുകയും ചെയ്തു.

എന്നെ പിന്നീടയാൾ നേരിൽ കണ്ടു

" പത്തെണ്ണം പോയിട്ട് എനിക്കമ്മയെകുറിച്ചു അഞ്ചെണ്ണം പോലും എഴുതാൻ കഴിഞ്ഞില്ല. ഞാൻ വല്ലാതെ സങ്കടത്തിലായി. എനിക്കെന്റെ അമ്മയെ വിട്ടുകളയാൻ തോന്നിയില്ല.! "

പറഞ്ഞതും അയാൾ കരഞ്ഞു പോയി.

" ഞാൻ എഴുതിയ കൃതജ്ഞത ഭാര്യയെ കാണിച്ചു. അപ്പോൾ അവൾക്ക് അവളുടെ അമ്മയെയും അച്ഛനെയും കാണണമെന്നായി. ഞങ്ങൾ അവിടെ പോയി. കൂടെ എന്റെ അമ്മയും വന്നു."

അയാൾ തുടർന്നു.

" ഇപ്പോൾ ഞാൻ അനുഭവിക്കുന്ന സന്തോഷം എന്താണെന്ന് ആർക്കും അറിയില്ല. എന്റെ ഭാര്യയും കുഞ്ഞുങ്ങളുമെല്ലാം മാറി. അല്ലെങ്കിൽ ദൈവം മാറ്റി."

പ്രിയ വായനക്കാരാ
കൃതഞ്ജതയുടെ പ്രതിഫലം ആനന്ദമാകുന്നു. ഇതൊക്കെ ഇവിടെ ഉണ്ടായിട്ട് അനുഭവത്തിൽ വരാത്തത് നാം അതിനെ തിരിച്ചറിയാത്ത വിധം ബുദ്ധിമാന്മാരായതുകൊണ്ടാണ്. അതുകൊണ്ട് ഹൃദയം തുറക്കൂ.

നിറഞ്ഞു കവിയുന്ന ആനന്ദത്തിൽ ഞാൻ ഈ അധ്യായം നിർത്തട്ടെ.
എല്ലാവര്ക്കും സന്തോഷവും ആനന്ദവുമൊക്കെ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ...........



Comments