GURUHRUDAYAM


സുഗത പ്രമോദ് നിത്യ ഗുരുവിന്റെ വത്സല ശിഷ്യ മാത്രമല്ല; മാനസപുത്രി കൂടിയായിരുന്നു എന്നത് ഈയുള്ളവൻ പറയാതെ തന്നെ ഏവർക്കും അറിവുള്ളതാണ്. എന്നാൽ അതിനപ്പുറത്തേക്കുള്ള പിതൃവാത്സല്യത്തിന്റെ സാഗരം കാണിച്ചു തരികയാണ് എന്റെ പ്രിയ സഹോദരി! അതെ! ഗുരു ഹൃദയം എന്ന ഈ പുസ്തകം ഒരു സ്നേഹക്കുറിപ്പാണ്.
ഗുരു നിത്യക്ക് പ്രിയപുത്രി നൽകുന്ന
ആദരവ്
.

ഫേൺ ഹിൽ ഒരു പൂന്തോട്ടമായിരുന്നു. അദ്വൈതവും വേദാന്തവും തത്വചിന്തയുമൊക്കെ പൂത്തുലഞ്ഞു നിന്ന;സ്നേഹത്തിന്റെ സൗരഭ്യം പേറുന്ന ഒരു ആരാമം. വ്യത്യസ്തമായ ഈ പൂക്കളിലെ തേൻ നുകർന്നത് എത്രയോ സുമനസ്സുകളായിരുന്നു.!

ഈ ആശ്രമവനിയിൽ പാറിപ്പറന്നെത്തിയ ഒരു പൂമ്പാറ്റയായിരുന്നു സുഗത! അവിടുത്തെ പൂക്കൾക്ക് നിറം കൂടി!ഈ പുതു നിഷ്കളങ്കതയിലൂടെ    ആശ്രമത്തിന് പുതു തുടിപ്പുണ്ടായി.

നിറങ്ങളുടെ ഭംഗിക്കൂട്ടിൽ ഗുരു വേദാന്തവും അറിവും പകർന്നപ്പോൾ ഈ പൂമ്പാറ്റയാകട്ടെ: മറ്റൊരു പൂന്തോട്ടത്തിൽ കണ്ണു നട്ടു. - അത് പ്രിയ ഗുരുവിന്റെ ആർദ്രമായ ഹൃദയമായിരുന്നു.

ആ ഹൃദയ വാതിൽ മലർക്കെ തുറക്കപ്പെടുകയും പിതൃവാത്സല്യം കവിഞ്ഞൊഴുകുകയും ചെയ്തപ്പോൾ പൂമ്പാറ്റ തീരുമാനിച്ചിരുന്നു. "ഇനി എങ്ങും പോവില്ല. ഇവിടം വിട്ട് "🌳🦋🦋🌳🌲🎋🍃
നിത്യ ഗുരുവിന്റെ പുത്രി പിതൃ വാൽസല്യമല്ലാതെ മറ്റൊന്നും കാംഷിച്ചില്ല. അതാകട്ടെ വാരിക്കോരി നൽകപ്പെട്ടുതാനും.
 മറ്റാരെങ്കിലും അത് കവർന്നെടുക്കുമെന്ന ഭയവും  ഗുരു ഹൃദയത്തിലെ സ്നേഹത്തിന്റെ ഉറവ പങ്കു വെക്കപ്പെടുമോ എന്ന ഭയവും കണിശക്കാരിയായിരുന്ന ഈ ആശ്രമ കന്യകയിൽ അരക്ഷിതബോധം തെല്ലു വളർത്തിയോ?
ഈ പുസ്തകത്തിൽ തെല്ല് ഏറ്റു പറച്ചിലുകളും ഉണ്ട്. ബാലിശമായ ചില ഭയങ്ങളും അസൂയയും കുശുമ്പുമൊക്കെ ചേരുംപടി ചേർത്തിരിക്കുന്നു.
 ഷവുകത്ത് ചേട്ടനും മറ്റും പകർന്നു നൽകിയ സാഹോദര്യത്തിനും ഫേൺ ഹിൽവാസത്തിലെ സ്നേഹ വസന്തത്തിനുമെല്ലാം പരിശുദ്ധമായ ഒരു നിഗൂഢതയുടെ പരിവേഷമുണ്ടായിരുന്നോ?
ചില കാര്യങ്ങൾ മഞ്ഞിന്റെ നിഗൂഢതയിൽ സുഖനിദ്ര കൊളളുന്നുണ്ടാവാമെന്നു മാത്രം കരുതട്ടെ.🌊
 മനസ്സാ വാചാ കർമ്മണാ പരിശുദ്ധിയായിരുന്നു ഈ പിടിവാശിക്കാരിയെന്ന് പറയാതെ വയ്യ! നിത്യ ഗുരു  എന്ന സ്നേഹസാഗരത്തിന്റെ സാമീപ്യവും പാദസേവയും  ഈ എഴുത്തുകാരിയെ ഉത്തമ യാക്കി.
 ഗുരുവിന്റെ പകർത്തെഴുത്തുകാരിയായും ചിലപ്പോളൊക്കെ സനേഹിതയും സഹചാരിയുമായി വേഷങ്ങൾ പകർന്നാടുമ്പോഴും ഒന്നും ആഗ്രഹിച്ചില്ല!
ആ സാന്നിദ്ധ്യത്തിൽ കഴിയണമെന്നതു മാത്രം!
 ഷൗക്കത്തിനെ വിവാഹം കഴിക്കണമെന്നു പറഞ്ഞതിനു പിറകിലും ഈ ലക്ഷ്യമായിരുന്നു.
 ഷൗക്കത്ത് നേരിട്ട " നടപടി " പുസ്തകത്തിന്റെ 56-ാം പേജിൽ കൊടുത്തിട്ടുണ്ട്. പ്രമോദിന്റെ വരവും ചിത്രരചനയും ഗുരുവിന്റെ വേഗതയേറിയതും എന്നാൽ മേന്മയേറിയതുമായ വിവാഹതീരുമാനവും പുത്രിയുടെ മനസ്സിന് താങ്ങാൻ പറ്റുന്നതിനുമപ്പുറമായിരുന്നു.

വിവാഹ സമ്മാനമായി നൽകിയ നെക്‌ലസ് എന്നിലെ വായനക്കാരന്റെ കണ്ണു നനയിച്ചു.
 പ്രമോദ് സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും ഹൃദയവിശാലതയുടെയും ആൾരൂപമായിരുന്നു.
ഗുരുവിന് തെറ്റിയില്ല.
 പിതാവിന്റെ കടമയാണ് അന്ന് നിത്യ യതി നിർവ്വഹിച്ചത്. സ്വന്തം മകളായാണ് കന്യാദാനം നടത്തിയത്.🎀🎁
 ഫേൺ ഹില്ലിൽ നിന്നുള്ള വിടചൊല്ലലും മറ്റും വരച്ചിടുന്ന വാങ്മയ ചിത്രങ്ങൾ അനുപമങ്ങളായിരുന്നു.
 ഒരർത്ഥത്തിൽ സുഗതയും പ്രമോദും ചിത്രകാരന്മാരാണ്.പ്രമോദ് ബ്രഷ് കൊണ്ടും സുഗത കാവ്യഭംഗിയും ലാളിത്യവും തുളുമ്പുന്ന വാക്കുകൾ കൊണ്ടും വരച്ചു കൊണ്ടേയിരിക്കുന്നു.
 കണ്വന്റെ (സുഗതയുടെ മകൻ) പേരിടുന്നതും മറ്റുമായി നിരവധി ഹൃദയഹാരിയും എന്നാൽ ആർദ്രവുമായ മുഹൂർത്തങ്ങളിലൂടെ "ഗുരു ഹൃദയം " കടന്നു പോകുമ്പോൾ എന്റെ മനസിൽ ഒന്നു മാത്രം അവശേഷിക്കുന്നു....

ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഫേൺ ഹിൽ എന്ന ആശ്രമവനിയിലെ പ്രെയർ ഹാളും മഞ്ഞിൽ നനഞ്ഞു മങ്ങിയ ചില്ലുജാലകങ്ങളും!🖼

 വേദാന്തിയും താത്വിക ആചാര്യനും പണ്ഡിതനുമായ നിത്യ ഗുരുവിനെ നിങ്ങൾക്ക് ഈ പുസ്തകത്തിൽ കാണാൻ കഴിയില്ല.
 വായിച്ചെടുക്കാൻ കഴിയുന്നതൊന്നുമാത്രം-
സ്നേഹവും ആർദ്രതയും വാത്സല്യവും നിറഞ്ഞ നിത്യ
 ദാർശനികതയുടെ ആവരണമില്ലാതെ ഗുരു! അതാണ് മഹത്തായ ഈ '"ഗുരു ഹൃദയം''✒🖊


സ്നേഹത്തോടെ ,
സുധീഷ് വൈക്കം 

Comments