ആത്മാന്വേഷണം മൂന്നാമധ്യായം..... by SUDHEESH VAIKOM

ഇതിന് മുൻപത്തെ അധ്യായത്തിന് ഇവിടെ ക്ലിക് ചെയ്യുക.
മുൻ അധ്യായത്തിൽ നാം കണ്ടത് ഒരാൾ സ്വയം പ്രണയത്തിൽ ഏർപ്പെട്ടാൽ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചാണ്.
എന്നാൽ സ്വയം പ്രണയിക്കുന്നതിന് ഒരാൾ എന്തൊക്കെ ചെയ്യണമെന്ന് നാം ചർച്ച ചെയ്തില്ല.

ഇനി പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കുന്നോ.... ജീവിതത്തിന്റെ മറ്റൊരു തലം, മറ്റൊരു മുഖം ; മറ്റൊരു കാഴ്ചപ്പാട് ...... അതിനു നിങ്ങൾ തയ്യാറാണോ?

എങ്കിൽ മാത്രം ഇതൊക്കെ ഒന്ന് ചെയ്തു നോക്കൂ.......
ജീവിതം കൂടുതൽ പ്രകാശിക്കട്ടെ

ഒന്ന്.

സ്വയം ബഹുമാനിക്കാൻ പഠിക്കുക. മറ്റുള്ളവരെ ബോധിപ്പിക്കുന്നത് നിർത്തി സ്വയം ബോധിപ്പിക്കുക. ഓർക്കുക നിങ്ങൾ ഇല്ലെങ്കിൽ നിങ്ങളുടെ ലോകം മാത്രമാണ് അവസാനിക്കുന്നത്.മറ്റുള്ളവർ എപ്പോൾ വേണമെങ്കിലും അഭിപ്രായം മാറ്റാം. ആളുകൾ അഭിപ്രായം പറയുന്നതും ഉപദേശിക്കുന്നതുമെല്ലാം സാഹചര്യമനുസരിച്ചു മാറ്റം വരാം.
സ്വയം സ്‌നേഹിക്കുമ്പോൾ നമുക്കെന്താണ് വേണ്ടതെന്ന് നമുക്ക് സ്വയം തിരിച്ചറിയാനുള്ള കഴിവ് കിട്ടുന്നു. അഭിമാനത്തോടെ സ്വയം ബഹുമാനിക്കുന്നതിലൂടെ നിങ്ങൾക്ക് വലിയ ജീവിത വീക്ഷണം കിട്ടുന്നു.


രണ്ട്‌

നിങ്ങളുടെ ഇഷ്ടങ്ങളെ ബഹുമാനിക്കുക. നിങ്ങൾ അവയെ തുറന്നു സ്നേഹിക്കാൻ പഠിക്കുക. ആർക്കും വേണ്ടി അവയെ ത്യജിക്കാതിരിക്കുക.ആരെയും ഭയപ്പെട്ട് ആരെങ്കിലും എന്തെങ്കിലും വിചാരിക്കുമെന്നു കരുതി നിങ്ങളുടെ ഇഷ്ടങ്ങൾ പറയാൻ മടിക്കരുത്. നിങ്ങൾ നിങ്ങളായിത്തന്നെ ഇരിക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമാണ്. നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങളെ സംബന്ധിച്ചു  ശരിയാകുന്നു. മറ്റുളവർക്കുവേണ്ടി അതിനെ തള്ളിപ്പറയരുത്.
(മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ ത്യജിച്ച വ്യക്തിയാണ് നിങ്ങൾ എങ്കിൽ പിൽക്കാലത്തു ദുഖിക്കാനിടവരുമെന്നോർക്കുക.) പറ്റുമെങ്കിൽ അവയ്ക്കുവേണ്ടി പോരാടുക.

മൂന്ന്

സ്വന്തം ആരോഗ്യത്തെ കരുതി ജീവിക്കുക. ജീവിതകാലം മുഴുവൻ വേണ്ടതാണ് ആരോഗ്യം.ശരീരത്തിന്റെ ശരിയായ അവസ്ഥയാണ് അത്. മറ്റാർക്കും അതിനെ സംരക്ഷിക്കാൻ കഴിയില്ല.ആരോഗ്യം സമ്പത്താണെന്ന് എല്ലാവര്ക്കും അറിയാം എന്നാൽ ആരോഗ്യമില്ലാത്ത അവസ്ഥയോ ? ഇത് നിറഞ്ഞ ജീവിതത്തിന് എതിരാകുന്നു.നിങ്ങളുടെ ക്ഷയിച്ച ആരോഗ്യം നാളെ മറ്റൊരാൾക്ക് ഭാരമാവാതിരിക്കട്ടെ.

നാല്
ലോകത്ത് ഏതു സിനിമാ നടനെക്കാളും നടിയെക്കാളും ഉന്നതനായ മോഡൽനേക്കാളും, സൗന്ദര്യം നിങ്ങളിലുണ്ട് എന്നതാണ് സത്യം.സൂപ്പർ സ്റ്റാർ ലുക്ക് ഉണ്ടായിട്ടു കാര്യമുണ്ടോ ? നമ്മെ കാണുമ്പോൾ ആരെങ്കിലും വെള്ളിത്തിരയിലെ നായകനെ ഓർമിച്ചാൽ അത് നമ്മുടെ വ്യക്തിത്വത്തിന് കുറച്ചിലായാണ് ഞാൻ കരുതുന്നത്.നിങ്ങൾ നിങ്ങളാണ്. 100 ശതമാനം നിങ്ങൾ ആയി ജീവിക്കുക."മറ്റൊരാളെപോലെ "എന്ന് പറയിപ്പിക്കാതിരിക്കുയുക. മറ്റൊരാളെ പോലെ എന്നാൽ ഒരു ഡ്യൂപ്ലിക്കേറ്റ് ആകുന്നതിന് സമമാണ്.
അവനവന്റെ സൗന്ദര്യം , വ്യക്തിത്വം , ചെറുപ്പം, അഭിപ്രായം, സ്വാതന്ത്ര്യ ബോധം എന്നിവയ്ക്കുവേണ്ടി പോരാടാൻ മറ്റാരെയും കിട്ടില്ല എന്നോർക്കുക.
അത് നിങ്ങളുടെ മാത്രം ചുമതലയാണ്.

അഞ്ച്

കൂടുതൽ നല്ല ഒരു ജീവിതം സാധ്യമാണെന്നോർക്കുക. അതിനു വിലങ്ങു തടിയാകുന്ന പ്രശ്നങ്ങളെ കണ്ടെത്തുകതന്നെ ചെയ്യുക. 99 ശതമാനവും  ആ പ്രശ്നക്കാരൻ നിങ്ങൾ തന്നെയെന്നോർക്കുക. മറ്റുള്ളവർക്ക് തിരുത്താൻ വിട്ടുകൊടുക്കാതെ സ്വയം തിരുത്തുക.മറ്റുള്ളവർ തിരുത്തിയാൽ അത് കൂടുതൽ വേദനാജനകമാകും.

ആറ്

മാറ്റങ്ങൾ ആവശ്യമെന്നുകണ്ടാൽ മാറാൻ തയ്യാറാകുക. എന്നാൽ പലപ്പോഴും മാറ്റം വേദന ജനകമാണ്.അലസോരപ്പെടുത്തുന്നതുമാണ്.
മെച്ചപ്പെട്ട ജീവിതം എന്നാൽ നിലവിലെ ജീവിതത്തിൽ മാറ്റം എന്ന് തന്നെയാണ് അർഥം. മാറ്റത്തിന് വിമുഖത കാണിക്കുന്നവരെ വാർദ്ധക്യം പെട്ടെന്ന് ബാധിക്കുന്നു.

ഏഴ്

വിശാലമായി ചിന്തിക്കാനും മനസിലാക്കാനും ശ്രമിക്കുക.നിങ്ങളോട് സംസാരിക്കുന്നവരെ കൂടുതൽ മനസിലാക്കാൻ ശ്രമിക്കുക.ഇഷ്ടത്തോടെ സംസാരിക്കുന്നവരേക്കാൾ ദേഷ്യത്തോടെ സംസാരിക്കുന്നവരെ കൂടുതൽ ശ്രദ്ധിക്കുക. അവരായിരിക്കും നിങ്ങളുടെ ജീവിതത്തിൽ പെട്ടെന്ന് മാറ്റം വരുത്തുക. 

എട്ട്

കടുംപിടുത്തക്കാരുടെ കൂട്ടുകെട്ടിൽ നിന്ന് വിട്ടകലുക.
എപ്പോഴും സ്വയം മറ്റുള്ളവരെ ന്യായീകരിക്കാൻ ശ്രമിക്കുക. തൻ്റെ കയ്യിൽ എന്തെങ്കിലും തെറ്റുണ്ടോ എന്ന് പരിശോധിക്കാനും സ്വയം കൂടുതൽ മനസിലാക്കാനും ഈ പ്രവൃത്തി കൊണ്ട് സാധിക്കും.പഠിക്കുക. പഠനം നിങ്ങളെ ചെറുപ്പമാക്കും. സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നത് നിങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കും.അറിയാതെ കുറ്റബോധം ഉള്ളിൽ നുഴഞ്ഞു കയറി അത് ജീവിതത്തിലെ വർണങ്ങളെ മങ്ങലേൽപ്പിക്കും.
" Look Deep into Yourself " എന്ന ബുദ്ധ വചനം ഇതാണ് അർഥമാക്കുന്നത്. വിവേകം സ്വയം മനസിലാക്കലിലൂടെ ഉണ്ടാകുന്നതാണ്.

ഒമ്പത്

പുതിയ ചിന്തകൾക്കു ഹൃദയം തുറന്നുകൊടുക്കുക.

പത്ത് 

പാട്ടുകൾ കേട്ടു റിലാക്സ് ചെയ്യുക. മൂളിപ്പാട്ടുകൾ പാടുക. എപ്പോഴും ചിരിക്കുക. (കുളിക്കുമ്പോൾ നിങ്ങൾ പാട്ടുപാടിയിട്ട് എത്ര നാളായി എന്നാലോചിക്കുക.)

പതിനൊന്ന് 

സിനിമകൾ കാണുക. ടി വി യിലല്ല. തിയേറ്ററിൽ തന്നെ പോകുക.

പന്ത്രണ്ട്

വാർദ്ധക്യം , കഷ്ടപ്പാട് എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ നിന്ന് കഴിവതും വിട്ടു നിൽക്കുക. കേട്ടാൽ തന്നെ സ്വീകരിക്കാതിരിക്കുക. ചെറുപ്പമായി തന്നെ എപ്പോഴും ഇരിക്കുമെന്ന് വിശ്വസിക്കുക. അത് സാധ്യമായി വരും....

പാട്ടുകൾ കേൾക്കുന്നത് രോഗങ്ങൾ മാറാൻ നല്ലതാണെന്നു നാം കേട്ടിട്ടുണ്ട്,.എന്നാൽ പാട്ടിന്റെ ക്രിയാത്മക ശക്തിപലപ്പോഴും  തിരിച്ചറിയപ്പെടാതെ പോവുകയാണ് .സമാധാനം കൈവരുന്നതിന്, രക്ത സമ്മർദ്ദം കുറയുന്നതിന് , വഴക്കുകൾ, ഭിന്നതകൾ എന്നുവേണ്ട എന്തൊക്കെ കാര്യങ്ങളെയാണ് ലഘൂകരിക്കുന്നത് എന്നറിയാമോ?
ആർക്കാ ഇതൊക്കെ അറിയാത്തത് ആല്ലേ? അറിയാം പക്ഷെ തിരിച്ചറിഞ്ഞുപയോഗിക്കുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത.

ഞാനീപറഞ്ഞ കാര്യങ്ങൾ ചെയ്ത് നിരവധി വ്യക്തികൾ സമാധാനവും ചെറുപ്പവും എന്ന് വേണ്ട പല പോസിറ്റീവ് ആയ കാര്യങ്ങളും നേടിയിട്ടുണ്ട്.

ജീവിതത്തിൽ ഇത്ര  തിരക്ക് പിടിച്ചോടുന്നതെന്തിനാണ്?

ആരെയാണ് നിങ്ങൾ തോൽപിക്കാൻ ശ്രമിക്കുന്നത്.?

എന്തുകൊണ്ടാണ് പലപ്പോഴും നാം ജയിക്കാൻ ശ്രമിക്കാത്തത്?

ആരോടാണ് നിങ്ങൾ മത്സരിക്കുന്നത്?

മറ്റുള്ളവരോടല്ല നമ്മോട് തന്നെയാണ് നാം മത്സരിക്കേണ്ടത് !!
നിഴലുകളോട് യുദ്ധം ചെയ്ത് ആരും ജയിച്ചിട്ടില്ല എന്നോർക്കുക.

next post is coming up on 11 July 2017


Comments

Post a Comment